
തിരുവനന്തപുരം: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ ഉയർന്ന പഴയ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ, 2006ലെ വിജിലൻസ് പ്രാഥമികാന്വേഷണവുമായി ബന്ധപ്പെട്ട ഫയലുകൾ തേടി സംസ്ഥാന ആഭ്യന്തരവകുപ്പ്. മലേഷ്യൻ പൗരന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അന്ന് നടത്തിയ വിജിലൻസ് അന്വേഷണത്തിന്റെ രേഖകളാണ് ആഭ്യന്തരവകുപ്പ് പരിശോധിക്കുന്നത്.
കേസിൽ പുനരന്വേഷണം നടത്താൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിർദേശം നൽകിയതായാണ് വിവരം. പുനരന്വേഷണം ആവശ്യപ്പെട്ട് കെപിസിസി നിർവാഹക സമിതി അംഗം മലയിൻകീഴ് വേണുഗോപാൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
മലേഷ്യൻ പൗരൻ ആത്മഹത്യ ചെയ്ത 2006ൽ കേരള പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയായിരുന്നു ഗ്യാനേഷ് കുമാർ. സമഗ്ര വോട്ടർപട്ടിക പരിഷ്കരണമായ എസ്ഐആറുമായി ബന്ധപ്പെട്ട് ഗ്യാനേഷ് കുമാറിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് രണ്ട് പതിറ്റാണ്ട് പഴക്കമുള്ള സംഭവത്തിൽ സംസ്ഥാന സർക്കാർ രേഖകൾ വീണ്ടും പരിശോധിക്കുന്നത്.
എം.സി. റോഡ് വികസനപദ്ധതിയുടെ കരാർ ഏറ്റെടുത്ത പതി–ബെൽ കമ്പനിയുടെ ചീഫ് പ്രോജക്ട് മാനേജർ ലീ സീ ബീൻ 2006ലാണ് മലേഷ്യയിൽ ആത്മഹത്യ ചെയ്തത്. പദ്ധതിയുമായി ബന്ധപ്പെട്ട തുക അനുവദിക്കുന്നതിൽ സർക്കാർ ഉദ്യോഗസ്ഥരിൽനിന്ന് കടുത്ത സമ്മർദം നേരിട്ടിരുന്നുവെന്നും അതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും ആത്മഹത്യാക്കുറിപ്പിൽ രേഖപ്പെടുത്തിയിരുന്നതായാണ് റിപ്പോർട്ട്. അന്നത്തെ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയായിരുന്ന ഗ്യാനേഷ് കുമാറിനെക്കുറിച്ചും കുറിപ്പിൽ പരാമർശമുണ്ടായിരുന്നുവെന്നാണ് ആരോപണം.
പദ്ധതിയിലെ ക്രമക്കേടുകൾ സംബന്ധിച്ച് അന്നത്തെ എൽഡിഎഫ് സർക്കാർ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചിരുന്നു. വിജിലൻസ് പ്രാഥമിക പരിശോധന നടത്തിയെങ്കിലും പിന്നീട് കാര്യമായ തുടർനടപടികൾ ഉണ്ടായില്ലെന്നാണ് പരാതി.
ഇതിനിടെ, ലീ സീ ബീന്റെ ആത്മഹത്യയ്ക്ക് പിന്നിൽ ഗ്യാനേഷ് കുമാറിന് പങ്കുണ്ടായിരുന്നുവെന്ന് മുൻ ധനമന്ത്രി ഡോ. തോമസ് ഐസക് അടുത്തിടെ ആരോപിച്ചിരുന്നു. ഇതോടെയാണ് വർഷങ്ങൾ പഴക്കമുള്ള വിജിലൻസ് അന്വേഷണത്തിന്റെ രേഖകൾ വീണ്ടും ചർച്ചയാകുന്നത്.










